Pages

Thursday 16 March 2017

ഒരു സെൽഫി ഉണ്ടായതിനെക്കുറിച്ച്‌.

കാക്ക കുളിച്ചാൽ
കൊക്കാകില്ലെന്നു പറയുന്നവരുടെ കാലത്ത്
തെരുവിൽ പിറന്നുവീണ കുട്ടി
തൊണ്ട കീറി കരയുന്നു.
കടത്തിണ്ണയിലപ്പോൾ ഒരു പെണ്ണ്
ചോരകൊണ്ടു ചിത്രം വരയ്ക്കുന്നു;
മനുഷ്യരപ്പോൾ അതിനെചൂണ്ടി ഭ്രാന്തിയെന്ന് കുരയ്ക്കുന്നു.
തൊട്ടടുത്ത നിമിഷത്തിൽ
കോർപറേറ്റ് മുദ്രയുള്ള വസ്ത്രമണിഞ്ഞ
കാവൽക്കാർ പാഞ്ഞു വരുന്നു;
തള്ളയും കുട്ടിയും റോഡിൽ ചളിയിൽ തെറിച്ചു വീഴുന്നു.
രണ്ട്
തെരുവിലേക്കപ്പോൾ
ഒരു സന്യാസി നടന്നുവരുന്നു..
' യേശു' എന്നൊരുസഘം വിളിച്ചു കൂവുന്നു.
'രാമൻ, ബുദ്ധൻ,പ്രവാചകൻ, ഗാന്ധി'
"കൊല്ലടാ.... ആ കള്ളനായിന്റെ മോനെ.."
അവർ പരസ്പരം അങ്കം വെട്ടുന്നു
(ഭ്രാന്തിയിപ്പോൾ റോഡിൽ ചളിയിൽ ചിത്രം വരക്കുന്നു)
വന്നത് സന്യാസിയോ, വികാരിയൊ ആരുമാകട്ടെ
ആണോ?
പെണ്ണോ?
എന്നതർക്കത്തിൽ മനുഷ്യർ മുഷ്ട്ടി ഉയർത്തിസഖ്യംചേരുന്നു...
സംഘം ചേർന്നവർ ദൈവത്തിന്റെ തുണിയുരിയുന്നു....
(അപ്പോൾ റോഡിൽ ചളിയിൽ സ്വയംവരച്ച ചിത്രത്തിൽ
അതേ ഭ്രാന്തി വിറങ്ങലിച്ചു കിടക്കുന്നു.
അരികിലതിന്റെ കുഞ്ഞ് തൊണ്ടകീറുന്നു;
അതിനൊപ്പം ചിലർ ഒരു സെൽഫിയെടുക്കുന്നു)

No comments:

Post a Comment

Followers